ഡൽഹിയിൽ നാളെ മുതൽ സ്കൂളുകൾ തുറക്കും : നിർദ്ദേശങ്ങൾ പുറത്തിറക്കി

Education India News

തലസ്ഥാനത്ത് നാളെ മുതൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും വ്യാപനം തടയാനുമായി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി(ഡി ഡി എം എ) പുറത്തിറക്കി. ഒരു ക്ലാസിൽ പകുതി വിദ്യാര്‍ത്ഥികളെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശത്തിലുണ്ട്.

വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും കോവിഡ് -19 മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. സ്കൂളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഒരുക്കണം. ക്ലാസ് മുറികളുടെ ലഭ്യതയും വിശാലതയും നോക്കിയാവണം സ്കൂളുകള്‍ ടൈംടേബിളുകള്‍ നിർമ്മിക്കേണ്ടത് എന്നും ഡിഡിഎംഎ പറഞ്ഞു.

ഒരേ സമയം സ്കൂളിൽ വരുന്നവർക്കും അല്ലാത്തവർക്കും പഠനം സാധ്യമാക്കുന്ന തരത്തിലാവണം ക്രമീകരണങ്ങൾ വേണ്ടത് എന്നാണ്നിർദ്ദേശത്തിൽ പറയുന്നത്. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്രകാരം സ്കൂളിൽ വരുന്നതും വരാത്തതും തെരഞ്ഞെടുക്കാമെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂളുകളിലും കോളേജുകളിലും വരാന്‍ അനുവദിക്കില്ലെന്നും ഡിഡിഎംഎ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളോ ഭക്ഷണ വസ്തുക്കളോ ഒന്നും പരസപരം കൈമാറരുത് എന്ന് നിർദ്ദേശത്തിൽ ഉണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി സ്കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതും സെപ്റ്റംബർ 1 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകളും കോളേജുകളും തുറക്കാൻ ധാരണയായതും.