മുഖ്യമന്ത്രിയുടെ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ എത്തിച്ചാല്‍ മതി: വി. ശിവന്‍കുട്ടി

Education Keralam News

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സന്ദേശം വാട്‌സാപ്പ് വഴിയോ മറ്റ് സംവിധാനങ്ങള്‍ വഴിയോ വിദ്യാര്‍ഥികളിലെത്തിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍ത്തിരുന്നു. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ വീട്ടില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറണമെന്ന ഡിപിഒയുടെ ഉത്തരവാണ് വിവാദത്തിന് കാരണമായത്്. നേരത്തെ ഓണ്‍ലൈനായി മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും അധ്യാപകര്‍ ആവശ്യപെട്ടിരുന്നു.

ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവന്തപുരം വഴുതക്കാട് കോട്ടണ്‍ ഹില്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. സ്‌കൂളുകളില്‍ വെര്‍ച്ചല്‍ പ്രവേശനോത്സവവും നടക്കും. ഇതിനിടയിലാണ് വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. കെ.ബി.പി.എസില്‍ അച്ചടിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ ഡി.ഇ ഓഫീസുകളിലും എത്തിക്കും. അവിടെ നിന്നും എ.ഇ.ഒ ഓഫീസുകളിലും, പിന്നീട് സ്‌കൂളുകളിലും എത്തിക്കും. അധ്യാപകരും, പി.ടി.എ ഭാരവാഹികളും, സന്നദ്ധ പ്രവര്‍ത്തകരും അച്ചടിച്ച സന്ദേശം വിദ്യാര്‍ഥികളുടെ വീടുകളില്‍ എത്തിക്കണമെന്നാണായിരുന്നു ഉത്തരവ്. പലരിലൂടെ കുട്ടികളുടെ കൈകളില്‍ എത്തുന്ന അച്ചടിച്ച സന്ദേശം കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published.