മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍

Education Keralam News

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തിക്കണമെന്ന ഉത്തരവിനെ എതിര്‍ത്ത്്് അധ്യാപക സംഘടനകള്‍ രംഗത്ത്. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ വീട്ടില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറണമെന്ന ഡിപിഒയുടെ ഉത്തരവാണ് വിവാദമാകുന്നത്. ഓണ്‍ലൈനായി മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാത്ഥികളില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും അധ്യാപകര്‍ ആവശ്യപെടുന്നു ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും.

തിരുവന്തപുരം വഴുതക്കാട് കോട്ടണ്‍ ഹില്‍സ് സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. സ്‌കൂളുകളില്‍ വെര്‍ച്ചല്‍ പ്രവേശനോത്സവവും നടക്കും. ഇതിനിടയിലാണ് വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ സന്ദേശം എത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. കെ.ബി.പി.എസില്‍ അച്ചടിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ ഡി.ഇ ഓഫീസുകളിലും എത്തിക്കും. അവിടെ നിന്നും എ.ഇ.ഒ ഓഫീസുകളിലും, പിന്നീട് സ്‌കൂളുകളിലും എത്തിക്കും. അധ്യാപകരും, പി.ടി.എ ഭാരവാഹികളും, സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുടെ വീടുകളില്‍ അച്ചടിച്ച സന്ദേശം എത്തിക്കണമെന്നാണ് ഉത്തരവ്. പലരിലൂടെ കുട്ടികളുടെ കൈകളില്‍ എത്തുന്ന അച്ചടിച്ച സന്ദേശം കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നാണ് വിമര്‍ശനം. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ കൈകളില്‍ പ്രിന്റഡ് കോപ്പി എത്തിച്ചത് കൊണ്ട് കാര്യമില്ലെന്നും അധ്യാപകര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ പ്രസംഗം മിക്ക ചാനലുകളും ലൈവായി നല്‍കും. പ്രത്യേക സന്ദേശം നല്‍കാന്‍ വിക്ടേര്‍സ് ചാനലും, യുട്യൂബ് ഉള്‍പെട്ടെ ഉള്ള സംവിധാനങ്ങളും പ്രയോജനപെടുത്താം. പ്രിന്റഡ് സന്ദേശം വീഡിയോ രൂപത്തില്‍ ലഭിച്ചാല്‍ ചിലവ് കുറച്ച് ആകര്‍ഷകമാക്കാനാവും. വളരെ വേഗത്തിലിത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിദ്യാര്‍ഥികളിലെത്തിക്കാം. എന്നാല്‍ പ്രിന്റ് ചെയ്ത സന്ദേശം നേരിട്ട് കുട്ടികളുടെ കൈകളില്‍ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published.