കാസര്‍കോട് ഓണ്‍ലൈന്‍ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാന്‍ തീരുമാനം

Education Keralam News

അധ്യാപക ക്ഷാമം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാര്‍ഥികളെ നിയോഗിക്കാന്‍ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബി.എഡ് വിദ്യാര്‍ഥികളെ സൗജന്യമായി ക്ലാസെടുക്കാന്‍ നിയോഗിച്ചത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിനെതിരെ നിയമന ഉത്തരവ് ലഭിച്ചവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാസര്‍കോട് ജില്ലയില്‍ എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെ ക്ലാസുകളില്‍ 600 ഓളം അധ്യാപകരുടെ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അധ്യാപകരുടെ കുറവ് ഓണ്‍ലൈന്‍ ക്ലാസുകളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെയാണ് ക്ലാസ് എടുക്കാന്‍ ബി.എഡ് കോഴ്‌സ് കഴിഞ്ഞ് പരീക്ഷ കാത്തുനില്‍ക്കുന്നവരേയുംവിദ്യാര്‍ഥികളെയും ഉപയോഗപ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചത്.

വേതനം ഇല്ലാതെയാണ് ഇവരുടെ നിയമനം. ഓണ്‍ ലൈന്‍ ക്ലാസിനാവശ്യമായ നെറ്റ് ചാര്‍ജ് ചെയ്യാന്‍ ഇവര്‍ക്ക് പി.ടി.എ ഫണ്ട് അനുവദിക്കും. പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ 178 പേര്‍ക്ക് ഒരു വര്‍ഷം മുന്‍പ് നിയമന ഉത്തരവ് നല്‍കിയിരുന്നു. വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവരും ജില്ലയില്‍ ഉണ്ട്. നിയമന ഉത്തരവ് ലഭിച്ചവരെയും ഗസ്റ്റ് അധ്യാപകരെയും ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.