ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതിന് മോദിക്ക് നന്ദി രേഖപ്പെടുത്തി ട്വീറ്റ് ചെയ്യണം; വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രീയ വിദ്യാലയയുടെ നിര്‍ദേശം

Education India News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്യണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍, ഇതിന് മോദിക്ക് നന്ദി രേഖപ്പെടുത്തി ThankyouModiSir എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രീയ വിദ്യാലയ അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രീയ വിദ്യാലയ അധികൃതരാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിര്‍ദേശം കൈമാറിയിരിക്കുന്നത്. എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ അധ്യാപകര്‍ മുഖേന ഉന്നതവൃത്തങ്ങള്‍ വിദ്യാര്‍ത്ഥികളോട് ഇക്കാര്യം നിര്‍ദേശിച്ചതിന്റെ വാട്സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ThankyouModiSir എന്ന ഹാഷ്ടാഗോടെയുള്ള വിദ്യാര്‍ത്ഥികളുടെ അഞ്ചു വിഡിയോ ട്വീറ്റ് എങ്കിലും ഓരോ സ്‌കൂളുകളില്‍നിന്നും അയക്കാനായിരുന്നു മേലധികാരികളുടെ ഉത്തരവ്. ബംഗളൂരു മേഖലയിലെ മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് നിര്‍ദേശം ലഭിച്ചത്. വ്യാപകമായി പങ്കുവച്ചില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയിലെങ്കിലും ഇക്കാര്യം പ്രചരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇതേതുടര്‍ന്ന് ഒരേ മാതൃകയില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഈ പരീക്ഷണഘട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പം നിന്നതിന് പ്രധാനമന്ത്രിക്ക് നന്ദി എന്നാണ് വിഡിയോ ട്വീറ്റുകളില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പേര്, കേന്ദ്രീയ വിദ്യാലയത്തിന്റെ പേര്, സ്ഥലം എന്നിവ ചേര്‍ത്ത ട്വീറ്റുകളില്‍ പ്രധാനമന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്. യൂനിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വിഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.