കൊടകര കുഴല്‍പ്പണക്കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

Crime News

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്. മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

ഇതോടെ കവര്‍ച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ വീണ്ടെടുക്കാനുള്ള അന്വേഷണവും തുടരുകയാണ്. ഇന്ന് അമ്പതിനായിരം രൂപയും ഒന്‍പതര പവന്‍ സ്വര്‍ണ്ണവും കണ്ടെത്തി.

കേസിലെ മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണത്തെ കുറിച്ച് വിവരം ലഭിച്ചത്. പ്രതി ബഷീറിന്റെ വീട്ടില്‍ നിന്നാണ് അന്‍പതിനായിരം രൂപ കണ്ടെത്തിയത്.

നേരത്തെ ഒന്നേകാല്‍ കോടി രൂപ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അതേസമയം ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍. പത്മകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് കൂടിയായ എല്‍ പത്മകുമാറിനെ തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published.