മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ നില ഗുരുതരം

Crime News

ഇടുക്കി: മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ ആക്രമിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ നില ഗുരുതരം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയില്‍ പരിക്കേറ്റ തലച്ചോറിന്റെ ഒരുഭാഗം നീക്കി. അപകട നില തരണം ചെയ്തിട്ടില്ലാത്ത അജീഷ് നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ അജീഷിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ചെവിക്ക് പിറകിലായാണ് പരിക്കുള്ളത്. അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു. രതീഷിന്റെ തലയില്‍ ആറ് തുന്നലാണുള്ളത്. അജീഷ് പോളിന് മൂന്ന് ലക്ഷം രൂപയും രതീഷിന് 50,000 രൂപയും വീതം അടിയന്തര ചികിത്സ സഹായമായി പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ അനുവദിച്ചിട്ടുണ്ട്. ഇവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇല്ലെങ്കില്‍ ചികിത്സാചെലവ് ഏറ്റെടുക്കുമെന്ന് പൊലീസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

ഇരുവരെയും മര്‍ദ്ദിച്ച പ്രതി സുലൈമാന്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലാണ്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ആദ്യം സിഎച്ച്ഒ രതീഷിനെ ആക്രമിച്ച ഇയാള്‍ ആക്രമണം തടയാനെത്തിയ സിപിഒ അജീഷിന്റെ തലയ്ക്കും കല്ലുകൊണ്ട് അടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.