അര്‍ജന്റീനയ്ക്കു വീണ്ടും തലവേദനയായി ക്ലോഡിയോ ബ്രാവോ; ചിലിയോട് 1-1 സമനില വഴങ്ങി

Breaking News Sports

അര്‍ജന്റീനയ്ക്കു വീണ്ടും തലവേദനയായി ക്ലോഡിയോ ബ്രാവോ എന്ന ചിലിയന്‍ ഗോള്‍കീപ്പര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നു നടന്ന മത്സരത്തില്‍ ഉറച്ച മൂന്നു ഗോളുകളും രണ്ടു പോയിന്റുകളുമാണ് ബ്രാവോ അര്‍ജന്റീനയില്‍ നിന്നു തട്ടിയകറ്റിയത്.
ഇന്നു നടന്ന മത്സരത്തില്‍ അര്‍ജന്റീന ചിലിയോട് 1-1 സമനില വഴങ്ങി. ആതിഥേയര്‍ക്കായി നായകന്‍ ലയണല്‍ മെസി ഗോള്‍ നേടിയപ്പോള്‍ അലക്സിസ് സാഞ്ചസിന്റെ വകയായിരുന്നു ചിലിയുടെ സമനില ഗോള്‍.
ലാത്വാരോ മാര്‍ട്ടിനസിനെ ചിലി താരം ഗ്വില്ലെര്‍മോ മരിപാന്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 24-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. എന്നാല്‍ 37-ാം മിനിറ്റില്‍ ഗാരി മെഡലിന്റെ പാസില്‍ നിന്ന് സാഞ്ചസ് സമനില ഗോള്‍ നേടി. പിന്നീട് അര്‍ജന്റീന മുന്നേറ്റനിര കിണഞ്ഞു പൊരുതിയെങ്കിലും ചിലി പ്രതിരോധം വഴങ്ങാന്‍ കൂട്ടാക്കിയില്ല.
സമനിലയോടെ യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തു തുടരുകയാണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണുള്ളത്. നാലു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയിന്റുമായി ചിലി ആറാമതാണ്.

Leave a Reply

Your email address will not be published.