പ്രവാസി പുനരധിവാസത്തിനായി ആയിരം കോടി രൂപയുടെ വായ്പ

Breaking News Pravasi

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കന്നിബജറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിനായി ആശ്വാസ പദ്ധതി. ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നല്‍കുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. ഈ വര്‍ഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും.

കെഎഫ്സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും. കാര്‍ഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകളെ സ്മാര്‍ട്ട് ആക്കും. ചെറുപ്പക്കാരെ കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതിന് പത്ത് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്രോ പാര്‍ക്കുകള്‍ക്കായും പത്തുകോടി അനുവദിച്ചു.

Leave a Reply

Your email address will not be published.