ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിയില്‍ ലീഗിന് ഇരട്ട നിലപാടെന്ന് കെടി ജലീല്‍

Breaking News

പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കിയ ശേഷം 2011 മുതല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും കോച്ചിംഗ് സെന്ററുകളിലെ പ്രവേശനത്തിനും സ്വീകരിച്ച് വരുന്ന 80:20 അനുപാതം ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാനുപാതികമായി പുനര്‍ നിശ്ചയിക്കണമെന്ന കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉന്നയിച്ചിരിക്കുകയാണ്. സമുദായത്തിന്റെ അട്ടിപ്പേറവകാശം പേറുന്ന മുസ്ലിംലീഗിന് ഇക്കാര്യത്തില്‍ ഇരട്ട നിലപാടാണുള്ളത്. നിയമസഭാ സമ്മേളനം നടന്ന്‌കൊണ്ടിരിക്കെ മുസ്ലിം സംഘടനകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സര്‍ക്കാറിന്റെ ഇടപെടല്‍ സാദ്ധ്യമാക്കാനും ഒരടിയന്തിര പ്രമേയമോ ശ്രദ്ധ ക്ഷണിക്കലോ ഇന്നുവരെയും ലീഗ് കൊണ്ടുവന്നിട്ടില്ല. എന്തിനധികം, ലീഗ് നിയമസഭാ സാമാജികരുടെ ഭാഗത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു ഇടപെടല്‍ പോലും സഭാ തലത്തില്‍ ഉണ്ടായിട്ടില്ലെന്നത് എന്നെ ശരിക്കും അല്‍ഭുതപെടുത്തുകയാണ്.
സഭക്ക് പുറത്ത് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ലീഗ് ഒരു ‘അഴകൊഴമ്പന്‍’ സമീപനമാണ് സഭക്കകത്ത് 80:20 അനുപാത വിഷയത്തില്‍ സ്വീകരിക്കുന്നത്. ഈ കാപട്യം എല്ലാ മതസംഘടനകളും മനസ്സിലാക്കണം.

നാലാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് പുതിയ സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ‘ഉറച്ച’ നിലപാടുകള്‍ പ്രസ്തുത യോഗത്തില്‍ വ്യക്തമാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

മദ്രസ്സാ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു എന്ന പച്ചനുണ ആരോ എഴുതി കൊടുത്തതിന്റെ പേരിലാണ് നീതിന്യായ സംവിധാനം സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍ക്കത്ത ഹൈക്കോടതിയില്‍ ഖുര്‍ആന്‍ നിരോധിക്കണമെന്ന് പറഞ്ഞ് രണ്ടുപേര്‍ കേസ് കൊടുത്ത സംഭവമാണ് സ്മൃതിപഥത്തില്‍ തെളിഞ്ഞ് വരുന്നത്. ഇനിയും എന്തൊക്കെയാണാവോ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരിക.

Leave a Reply

Your email address will not be published.