80:20 അനുപാതം റദ്ദ് ചെയ്ത കോടതി വിധിയില്‍ എല്ലാ വശങ്ങളുംവേണ്ടത്ര പരിഗണിച്ചില്ലെന്ന തോന്നലുണ്ടെന്ന് പാലോളി കമ്മിറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി

Breaking News Politics

കോഴിക്കോട്: 80:20 അനുപാതം റദ്ദു ചെയ്ത കോടതി വിധി എല്ലാ വശങ്ങളും വേണ്ടത്ര പരിഗണിച്ചില്ലെന്ന തോന്നലുണ്ടെന്നും കോടതി കണ്ടത് ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടിയിട്ടുള്ള ഒരു സമിതി രൂപീകരിച്ചു ഫണ്ട് കൊടുത്തു എന്ന രീതിയിലാണെന്നും പാലോളി കമ്മിറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. സച്ചാര്‍ കമ്മീഷനെ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതി പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൊതുസ്ഥിതി വളരെ ദയനീയമാണ് എന്നുള്ളത് കമ്മിറ്റി ചൂണ്ടിക്കാണിച്ചു. അതില്‍ നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ് കേരളം എന്നുള്ളത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും കേരളത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അന്നത്തെ സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് വേണ്ടിയുള്ള ഒരു നിലപാട് സ്വീകരിച്ചു. മറ്റൊരു കമ്മിറ്റിയെ വെച്ചു പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. അത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. അതില്‍ ന്യൂനപക്ഷങ്ങള്‍, (മുസ്ലിങ്ങളെ) വിഷമത അനുഭവിക്കുന്ന വിഭാഗത്തില്‍ പ്രത്യേകമായി നോട്ട് ചെയ്തു. വിദ്യാഭ്യാസ രംഗത്തുള്ള പിന്നോക്കാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണമെന്നും കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി തീരുമാനമെടുത്തു.അതുപോലെ തന്നെ ഉദ്യോഗസ്ഥ സമൂഹത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങള്‍ വളരെ കുറവാണ് എന്നുള്ളത് കണ്ടെത്തി.

അവര്‍ക്ക് കോച്ചിങ്ങ് സെന്റര്‍ മുഖേന ആ സ്ഥാനത്ത് എത്താന്‍ യോഗ്യത നേടാന്‍ സഹായിക്കുന്ന സംവിധാനങ്ങളുണ്ടാക്കി- പാലോളി വ്യക്തമാക്കി.ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുമ്പോള്‍ തന്നെ നമ്മുടെ സംസ്ഥാനത്തെ മറ്റു ന്യുനപക്ഷ വിഭാഗങ്ങളില്‍ ഇതേ രീതിയില്‍ വിഷമത അനുഭവിക്കുന്ന വിഭാഗമുണ്ടെങ്കില്‍ അവരെയും കൂട്ടത്തില്‍ പരിഗണിക്കാന്‍ തീരുമാനമെടുത്തു. അങ്ങനെയാണ് പരിവര്‍ത്തിക ക്രൈസ്തവ വിഭാഗം ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടേണ്ടവരാണെന്ന് കണ്ടെത്തി ചില ആനുകൂല്യങ്ങള്‍ അവര്‍ക്കും പ്രഖ്യാപിച്ചതും.ക്രിസ്ത്യന്‍ സമൂഹം പൊതുവെ സമ്പന്നരാണ്. പക്ഷേ അതില്‍ പരിവര്‍ത്തന വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണല്ലോ. അവര്‍ക്കും ചില പദ്ധതികള്‍ വേണമായിരുന്നു. അതുകൊണ്ട് ആ വിഭാഗത്തെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 20 ശതമാനം നീക്കിവെച്ചു. സംസ്ഥാന സര്‍ക്കാരാണ് ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് നല്‍കുന്നത്.

മുസ്ലിങ്ങള്‍ക്ക് 80, ക്രിസ്ത്യാനികള്‍ക്ക് 20 എന്നുള്ള രീതിയിലാണ് അതിനെ കാണുന്നത്. ആ കാഴ്ചപ്പാട് തെറ്റാണ് എന്നുള്ളതാണ്. പ്രധാനമായിട്ടും മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കൂട്ടത്തില്‍ ഈ വിഭാഗത്തെ കൂടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റി പരിഗണിച്ചു, അത് സര്‍ക്കാര്‍ അംഗീകരിച്ചു എന്നേയൂള്ളൂവെന്നും അഹമ്മദ് കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published.