ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കാന്തപുരം

Breaking News Politics

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്ഥാനത്തെ മുസ്ലിം സമുദായത്തിന് വേദനയും നിരാശയും ഉണ്ടാക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഔദ്യോഗിക തലങ്ങളിലെ ഉദ്യോഗസ്ഥരില്‍ മുസ്ലിം സമുദായത്തിനുള്ള കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് സ്‌കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സമുദായത്തിലെ സംഘടനകള്‍ ഇതിനകം പ്രതിഷേധമറിയിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യം 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ഐഎന്‍എലും സമാന നിലപാടാണ് എടുത്തത്. വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് ഐഎന്‍എല്‍ അറിയിച്ചു. വിധി ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ പോവണമെന്നും കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറിയേറ്റ് കോഴിക്കോട് പ്രതികരിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ സമസ്ത ഇകെ വിഭാഗത്തിന്റെ സംവരണ സംരക്ഷണ സമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. വിധി അനീതിയാണെന്നും പൊതുസമൂഹത്തില്‍ ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.