വല്ലാര്‍പ്പാടം പദ്ധതിക്ക് ഭൂമി വിട്ടുകൊടുത്ത മറിയ തോമസ് പുനരധിവാസം ലഭിക്കാതെ യാത്രയായി.

Breaking News

വല്ലാര്‍പ്പാടം പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത കോതാട് പനക്കല്‍ മറിയ തോമസ് പുനരധിവാസം ലഭിക്കാതെ യാത്രയായി. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്തിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മേരിക്ക് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടായില്ല. ഒടുവില്‍ പുനരധിവാസമെന്ന സ്വപ്നം ബാക്കിയാക്കി 94 ക്കാരിയായ മേരി യാത്രയായി. മേരി തോമസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെന്റ് പുരയിടവും അതിലെ വീടും 2008 -ല്‍ വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്നും പുനരധിവാസം ഏര്‍പ്പെടുത്താതെയായിരുന്നു കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു.

നിരന്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പുനരധിവാസത്തിനായി കാക്കനാട് തുതിയൂരില്‍ 6 സെന്റ് ഭൂമി അനുവദിച്ചു.എന്നാല്‍ അനുവദിച്ച നിലം ചതുപ്പ് നികത്തിയ ഭൂമി ആയതുകൊണ്ട് കെട്ടിടം നിര്‍മ്മിക്കുവാന്‍ യോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്കൊന്നും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല.

പുനരധിവാസ പാക്കേജ് പ്രകാരം രണ്ട് നില കെട്ടിടം പണിയാന്‍ ഉതകുന്ന എ ക്ലാസ് ഭൂമിയോടൊപ്പം , വെള്ളവും വൈദ്യുതിയും ഗതാഗതയോഗ്യമായ റോഡും സര്‍ക്കാര്‍ ഒരുക്കുന്നത് വരെ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് താമസിക്കുവാന്‍ പ്രതിമാസം 5000 രൂപ നല്‍കേണ്ടതാണ്. എന്നാല്‍ 2012 ഫെബ്രുവരി വരെ മാത്രമാണ് വാടക നല്‍കിയിരിക്കുന്നത്.

പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട കുടംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്ന ഉത്തരവും ഇതുവരെ പാലിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു. വാര്‍ദ്ധക്യസഹജ രോഗങ്ങള്‍ അലട്ടിയിരുന്ന മേരി തോമസ് ഇളയമകന്‍ ടെലസിന്റെ വീട്ടിലാണ് ആണ് താമസിച്ചു പോന്നിരുന്നത്.

Leave a Reply

Your email address will not be published.