ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു

Crime Local News

മഞ്ചേരി: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി.സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മദ്യലഹരിയില്‍ എത്തിയ മൂന്നംഗ സംഘം ഓഫീസില്‍ കയറി അക്രമം അഴിച്ചുവിട്ടത്.
ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കുകയറിവന്നു. ഇവിടെ ജോലിചെയ്യുകയായിരുന്ന സുരേഷുമായി ഇവര്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് ‘നീ ഞാന്‍ നല്‍കിയ വാര്‍ത്ത നല്‍കില്ലേ ഡാ’.. എന്നാക്രോഷിച്ച് ഓഫീസിലെ കംപ്യൂട്ടറിന്റെ കീ ബോര്‍ഡുകൊണ്ട് തലക്ക് അടിച്ചു വീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരങ്ങളും വാരിവലിച്ചു താഴെയിട്ടു. പൊലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടതെന്നും പരാതിയിലുണ്ട്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി