എറണാകുളത്ത് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു; മൂവായിരം ഓക്‌സിജന്‍ ബെഡുകള്‍ അധികമായി സജ്ജമാക്കും

Breaking News

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മുന്നിലുള്ള എറണാകുളത്ത് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു. ജില്ലയില്‍ മൂവായിരം ഓക്‌സിജന്‍ ബെഡുകള്‍ അധികമായി സജ്ജമാക്കും. ജില്ലയില്ലെ 12 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50% കടന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതേസമയം ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടറും, നിയന്ത്രണം കടുപ്പിക്കുമെന്ന് പോലീസും വ്യക്തമാക്കി.

കൊവിഡ് വ്യാപനം വലിയ ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തിലാണ് എറണാകുളത്ത് കരുതല്‍ നടപടികള്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ മൂവായിരം ഓക്‌സിജന്‍ ബെഡുകള്‍ അധികമായി സജ്ജമാക്കും. അങ്കമാലി അഡ്‌ലക്‌സ് കൊവിഡ് കേന്ദ്രത്തില്‍ 500 കിടക്കകള്‍ക്ക് അനുമതിയായിട്ടുണ്ട്.

ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ 400 ഓക്‌സിജന്‍ ബെഡുകളും തയ്യാറാക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 150 ഓക്‌സിജന്‍ ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി. ബിപിസിഎല്‍ സഹായത്തോടെ ജില്ലയിലാകമാനം 1500 ബെഡുകള്‍ കൂടി സജ്ജീകരിക്കും.

അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലോക്ക്ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ ഇതനുസരിച്ചാകും തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published.