സൗമ്യ സന്തോഷിന്റെ മൃതദേഹം അടിയന്തമായി നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് ചെന്നിത്തലയുടെ കത്ത്

Breaking News

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറിന് കത്ത് നല്‍കി.

ഇന്നലെ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

ഇസ്രായേലിലെ ഗാസ അഷ്‌ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗമ്യയുടെ താമസസ്ഥലത്തേക്ക് മിസൈല്‍ പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതിശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ.

ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കഴിയുന്ന സൗമ്യ അവിടെ കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.