ബിജെപിയിൽ നേതൃമാറ്റമില്ല; കെ.സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ പിന്തുണബിജെപിയിൽ നേതൃമാറ്റമില്ല; കെ.സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ

Breaking News

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിക്കും ബിജെപി ദേശീയ സംഘടനാ സെക്രട്ടറിക്കും ചില മുതിർന്ന നേതാക്കൾ പരാതി അയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.

കൊവിഡും ന്യൂനപക്ഷ ഏകീകരണവുമാണ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുതുതായി വന്ന നേതൃത്വത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ കൊവിഡുമായും മറ്റും ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടി വന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ സാധിച്ചില്ല. ബൂത്ത് തലം മുതൽ കുത്തഴിഞ്ഞ് കിടന്നിരുന്ന സംഘടനാ സംവിധാനം ശരിയാക്കും മുൻപേ തെരഞ്ഞെടുപ്പ് അടുത്തുവന്നു. ഇതെല്ലാമാണ് തോൽവിയിലേക്ക് നയിക്കാനുണ്ടായ സാഹചര്യമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.

സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ യാത്രയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു എന്ന് തുറന്നുപറഞ്ഞ നേതൃത്വം കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ബിജെപിയുടെ ജില്ലാ യോഗങ്ങളിൽ കെ.സുരേന്ദ്രനും വി.മുരളീധരനുമെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഏകോപനം പാളിയെന്നാണ് ഇരുവർക്കുമെതിരായ ആക്ഷേപം.

Leave a Reply

Your email address will not be published.