കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ

Breaking News

നിലമ്പൂർ: നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55 വയസ്സ്) ആണ് എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്‍റൈനില്‍ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.

നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ, വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പൊലീസുകാരും ക്വാറന്‍റൈനില്‍ പോയി.

Leave a Reply

Your email address will not be published.