സ്ഥാനക്കയറ്റവും 2 കോടി രൂപയും; മീരാഭായ് ചാനുവിന് പാരിതോഷികവുമായി ഇന്ത്യൻ റെയിൽവേ

India News Religion

ദില്ലി: നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വിഭാഗത്തിലേക്ക് മീരാബായ് ചാനുവിന് സ്ഥാനക്കയറ്റവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ടോക്കിയോ ഒളിംപിക്സിൽ വെള്ളി നേടിയ ഇന്ത്യയുടെ അഭിമാന താരത്തിന് 2 കോടി രൂപയുടെ പാരിതോഷികവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ഒളിമ്പിക് മെഡൽ നേട്ടവുമായി മീരാബായ് ചാനു ഇന്ത്യയിലെത്തിയിരുന്നു. മികച്ച കഠിനാധ്വാനവും മികവും കൊണ്ട് വലിയൊരു ജനതയ്ക്ക് മാത്രകയായിരിക്കുകയാണ് ചാനുവെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്‌ണോ ഇന്നലെ പറഞ്ഞിരുന്നു. 2108 ൽ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ സെപ്ഷ്യല്‍ ഡ്യൂട്ടി (സ്‌പോര്‍ട്‌സ്) ഓഫീസറായി ജോലിയിൽ പ്രവേശിച്ചതാണ് ചാനു. അഭിമാന നേട്ടത്തിന് റെയിൽവേ നൽകിയ സ്നേഹാദരവാണ് ഈ സ്ഥാനക്കയറ്റം.

സംസ്ഥാന പൊലീസ് വിഭാഗത്തില്‍ അഡീഷണല്‍ സുപ്രണ്ടന്റായി (സ്‌പോര്‍ട്‌സ്) ചാനുവിനെ നിയമിക്കാൻ പോവുകയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറന്‍ സിങ്ങും ഇന്നലെ പറഞ്ഞിരുന്നു. ഈ വിജയത്തെ മുൻനിർത്തി മണിപ്പൂരിൽ ലോകോത്തര നിലവാരമുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കാനും ഒരുങ്ങുന്നുണ്ടെന്നും ഇതിനോടൊപ്പം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒളിംപിക്സിൽ പങ്കെടുത്ത വനിതാ താരം സുശീല ദേവിയെ കോണ്‍സ്റ്റബിള്‍ പദവിയില്‍ നിന്നും സബ് ഇന്‍സ്പക്ടറായി നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇത് കൂടാതെ സംസ്ഥാനത്ത് നിന്നും ടോക്യോ ഒളിമ്ബിക്‌സില്‍ പങ്കെടുത്ത മിരാബായ് ചാനു, സുശീല ദേവി, ബോക്‌സിങ് താരം മേരി കോം ഉള്‍പ്പെടെയുള്ള അഞ്ച് താരങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.