കളി തുടങ്ങി…, തൃശൂർ പിടിക്കാൻ അരിക്കച്ചവടം

Breaking Keralam News Politics

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയം ഉറപ്പാക്കാൻ അരിക്കച്ചവടം. കേന്ദ്രത്തിന്റെ ഭാരത് അരി വില്പന ഉദ്ഘാടനത്തിന് തൃശൂർ തെരഞ്ഞെടുത്തത് ഇതിനാണെന്നാണ് പൊതു സംസാരം. കിലോഗ്രാമിന് 29 രൂപ പ്രകാരമാണ് വില്പന. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിന് അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വിൽക്കുന്നത്. എന്നാൽ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന അരിയുടെ വില കിലോയ്ക്ക് 10 രൂപയിൽ താഴെയുമുണ്ട്. ആ അരി തന്നെ കൂടിയ വിലയ്ക്കു തരം മാറ്റി വിൽക്കുന്നുവെന്നാണ് ഭാരത് അരിയെ കുറിച്ച് ഉയരുന്ന ആക്ഷേപം. മാത്രമല്ല, കിലോയ്ക്ക് 29 വച്ച് ചെറു മണി അരി പൊതു മാർക്കറ്റിൽ ലഭിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു. സപ്ലൈകോ കടയിൽ ജയ , കുറുവ അരിക്ക് 25 രൂപ വീതവും മട്ട അരിക്ക് 24 രൂപയും പച്ചരി ക്ക് 23 രൂപയുമാണ് വില. ഇതോടൊപ്പം വില്പന നടത്തുമെന്നു പറയുന്ന സവാളയ്ക്ക് ഒരു കിലോയ്ക്ക് 25 രൂപയാണ് വില. ഇതേ സവാള തെരുവുകളിൽ ഇന്നലെ വിറ്റത് ആറ് കിലോയ്ക്ക് 100 രൂപ പ്രകാരമാണ്. ആട്ടയും 27.50 രൂപയ്ക്ക് ലഭ്യമാണ്. പൊതു മാർക്കറ്റിൽ കിട്ടുന്ന വിലയ്ക്ക് അരിയും മറ്റും പുതു പദ്ധതിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നതും വിൽപന നടത്തുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിമർശനമുയരുന്നത്.
മൂന്നാം ഊഴത്തിൽ സന്ദേഹം ഉള്ളതാണ് അരി വില്പനയുടെ കാരണമെന്ന് നവ മാധ്യമങ്ങളിൽ ചർച്ചയുമായി. ഈ പരിപ്പ് ഇവിടെ വേവില്ല എന്ന പ്രചാരണവും ശക്തമാണ്. പ്രചാരണം നടത്തുന്നവരിൽ ഭൂരിപക്ഷവും ഇടതുപക്ഷക്കാരല്ല എന്നതാണ് മറ്റൊരു പ്രത്യേകത.