ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ലയിൽ സിപിഎമ്മിന്റെ പൊതുയോ​ഗം; വലിയ ആൾക്കൂട്ടമുണ്ടായെന്നും വിമർശനം

Crime Keralam News Politics

പത്തനംതിട്ട: ഞായറാഴ്ചയുണ്ടായിരുന്ന ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ല കുറ്റൂരിൽ സിപിഎം നടത്തിയ പൊതുയോ​ഗം വിവാദമാകുന്നു. പാ‍ർട്ടിയിലേക്ക് പുതിയതായി വന്ന നാല്പത്തി ഒൻപതു കുടുംബങ്ങളെ സ്വീകരിക്കുന്ന പരിപാടിയിലാണ് ലോക്‌ഡോൺ നിർദേശങ്ങളും കോവിഡ് നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ട് വലിയ ആൾക്കൂട്ടമുണ്ടായത്. പുതിയതായി പാർട്ടിയുടെ ഭാഗമായ കുടുംബങ്ങൾക്ക് പുറമെ സിപിഎം അണികളും പരിപാടിയുടെ ഭാഗമായിരുന്നു.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിപാടിയുടെ ഭാഗമാകാൻ നിരവധി ആളുകൾ വന്നിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറയുന്നത്. പരിപാടിക്ക് എത്തിയ ആളുകൾ മാലയിട്ട ശേഷം മാറി നിൽക്കുകയായിരുന്നെന്നും അദ്ദേഹം വിശദമാക്കി.

കുറച്ച് ദിവസങ്ങളായി മറ്റു രാഷ്ട്രീയ പാർട്ടിയിൽ ഉണ്ടായിരുന്നവരെ സിപിഎമ്മിലേക്ക് ചേർക്കുന്ന മിഷൻ സിപിഎം എന്ന പരിപാടി നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്തിനാണ് അവരെ സ്വീകരിക്കുന്ന പരിപാടി ലോക്ക്ഡൗൺ ദിവസം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ നിർദേശം ലംഘിച്ചുകൊണ്ടുള്ള പരിപാടിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.