നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം പണിത് ബിജെപി പ്രവർത്തകൻ

India News Politics

പൂനെ: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ആദരവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം പണിത് പൂനയിലെ ബിജെപി പ്രവർത്തകൻ. ബിജെപിയുടെ സജീവ പ്രവർത്തകനും നമോ ഫൌണ്ടേഷന്‍ ചെയര്‍മാനുമായ റിയൽ എസ്റ്റേറ്റ് ഏജന്റ് മയൂര്‍ മുണ്ടെയാണ് ക്ഷേത്രമുണ്ടാക്കിയത്. മാര്ബിള് കൊണ്ടുണ്ടാക്കിയ മോദിയുടെ ശില്പമാണ് പ്രതിഷ്ഠയായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ജയ്‌പ്പൂരില്‍ നിന്നും കൊണ്ടുവന്ന ചുവന്ന മാർബിൾ കൊണ്ടാണ് ക്ഷേത്രം മുഴുവനായും പണിതത്. ജയ്‌പ്പൂരിലെ തന്നെ മാര്‍ബിള്‍ ഷോറൂം ഉടമയായ ദിവാന്‍ഷു തിവാരിയാണ് പ്രധാനമന്ത്രിയുടെ പ്രതിമ ഉണ്ടാക്കിയത്. മയൂര്‍ മുണ്ടെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ പറ്റി എഴുതിയ കവിതയും ക്ഷേത്രത്തിനു പുറത്തുണ്ട്.

പക്ഷെ ക്ഷേത്രത്തിനെതിരെയും പണിത മയൂര്‍ മുണ്ടെയ്ക്കെതിരെയും വലിയ പ്രതിഷേധങ്ങളാണ് ഇപ്പോഴുള്ളത്. ഒരു ഭാഗത്ത് പദ്ധതികളിൽ നിന്നെല്ലാം ബിജെപിയുടെ പഴയ പ്രധാനമന്ത്രിമാരുടെ പേരുകള്‍ ഒഴിവാക്കുമ്പോൾ മറ്റൊരു ഭാഗത്ത് നേതാക്കളുടെ പേരിൽ അണികൾ ക്ഷേത്രങ്ങൾ പണിയുന്ന ഇരട്ടത്താപ്പാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനന്ത് ഗാഡ്ഗില്‍ പറഞ്ഞു. നേതാക്കളുടെ പേരിൽ ക്ഷേത്രങ്ങൾ പണിയുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാൻ കാരണമാവുമെന്നും പൂനെയുടെ സാമൂഹികമായും സാംസ്കാരികമായുമുള്ള പാരമ്പര്യം ഇങ്ങനെ അനാവശ്യമായി വ്യക്തികളെ പ്രകീര്‍ത്തിക്കുന്നതല്ലെന്നും എന്‍സിപി യൂണിറ്റ് മേധാവി പ്രശാന്ത് ജഗ്തപ് അഭിപ്രായപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലും നിരവധി പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാവുന്നുണ്ട്. കോവിഡിൽ വലിയ നഷ്ടങ്ങളുണ്ടായ ഒരു നഗരത്തിൽ ഈ ക്ഷേത്രം പണിതത് അപഹാസ്യമായെന്നാണ് പലരും പറയുന്നത്. പൂനയിൽ ആശുപത്രികളാണ് വേണ്ടതെന്നും അല്ലാതെ ക്ഷേത്രങ്ങൾ അല്ലെന്നും ചിലർ കുറ്റപ്പെടുത്തുന്നുണ്ട്.