തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് വീഴ്ച പറ്റി; വിമർശനം ഉന്നയിച്ച് സിപിഐ

Keralam News Politics

നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വീഴ്ച പറ്റിയെന്ന് സിപിഐ റിപ്പോർട്ട്. സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് കരുനാഗപ്പള്ളിയിലും ഹരിപ്പാടിലും സിപിഐഎമ്മിന് വീഴ്ച സംഭവിച്ചതായി കാണിക്കുന്നത്. ഘടകകക്ഷികളിൽ നിന്നുള്ളവർ സ്ഥാനാർത്ഥികളായ മണ്ഡലങ്ങളിലാണ് വീഴ്ചയുണ്ടായതെന്നും സിപിഐഎമ്മിന്റെ വോട്ട് തെരഞ്ഞെടുപ്പിൽ ചോർന്നെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

കാസര്‍ഗോഡ് മണ്ഡലത്തിൽ ഐഎന്‍എൽ മത്സരിച്ചപ്പോൾ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കൂടാൻ പോലും താല്പര്യം പ്രകടിപ്പിച്ചില്ല. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടിൽ ഇടതു പാർട്ടിയുടെ വോട്ടുകൾ ചോർന്നിട്ടുണ്ട്. മാരപുരം, തൃക്കുന്നപുഴ എന്നീ പഞ്ചാത്തുകളില്‍ സിപിഐഎമ്മിന് കൂടുതൽ സ്വാധീനം ഉണ്ടായിട്ടും മുന്നേറ്റം ഇല്ലാഞ്ഞത് വോട്ടു മറിഞ്ഞത് കൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പറവൂർ മണ്ഡലത്തിൽ സിപിഐഎം നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ചും വിമർശനങ്ങളുണ്ട്. സിപിഐഎം അംഗങ്ങൾ സ്ഥാനാർത്ഥികളായ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഘടകകക്ഷികളെ പങ്കാളികളാക്കിയില്ലെന്നും, ചർച്ചകൾ നടത്തിയില്ലെന്നും ആരോപണമുണ്ട്.