പരാതി നൽകാനെത്തിയ വീട്ടമ്മയെ ശല്യം ചെയ്ത് എഎസ്ഐ: മുഖ്യമന്ത്രിക്ക് പരാതി

Keralam News

കൊച്ചി: കൗൺസിലിംഗിനായി ഫോൺ വിളിച്ച വീട്ടമ്മയെ എഎസ്ഐ ശല്യം ചെയ്തതായി പരാതി. മുഖ്യമന്ത്രിക്കാണ് വീട്ടമ്മ പരാതി നൽകിയത്. ഭർത്താവുമായുള്ള പ്രശ്നത്തിൽ പരാതി നൽകാനാണ് വീട്ടമ്മ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ എത്തിയത്. എന്നാൽ തുടർന്നുള്ള എറണാകുളം സ്വദേശിയായ പോലീസുകാരന്റെ ശല്യം സഹിക്കാൻ പറ്റാതായപ്പോഴാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതിന്റെ പേരിൽ പരാതി കൊടുക്കാനായാണ് വീട്ടമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ എത്തിയത്. പരാതി പരിഹരിക്കുന്നതിനായി ഇവർക്ക് കൗൺസിലിംഗ് നൽകാൻ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തി. ഇയാളിൽ നിന്നുമാണ് മോശമായ അനുഭവം വീട്ടമ്മയ്ക്കു നേരിടേണ്ടി വന്നത്. കൗൺസിലിംഗിനുവേണ്ടി ആദ്യം ഫോൺ വിളിച്ചായിരുന്നു തുടങ്ങിയത്. പിന്നീട് നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു തുടങ്ങി.

ആദ്യമൊക്കെ ഇതിനെതിരെ വീട്ടമ്മ എഎസ്‌ഐക്ക് താക്കീതു നൽകി. എന്നാൽ അയാൾ വീണ്ടു അത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഇയാളുടെ താൽപര്യങ്ങൾക്കു വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അപവാദ പ്രചാരണങ്ങൾ നടത്താൻ തുടങ്ങി. അവസാനം സഹികേട്ട് ശല്യം സഹിക്കാൻ വയ്യാതെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.