ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടീസ് നൽകി

Breaking News

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം വി ശ്രേയാംസ് കുമാർ, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നീ ഇടത് എംപിമാരാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.  എ.എം. ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്.

ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട്  മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമുദ്ദേശിച്ചായിരുന്നു സന്ദർശന തീരുമാനം.  അനുമതിക്കായി ബന്ധപ്പെട്ടവർക്ക് കത്തും നൽകിയിരുന്നു. എന്നാൽ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കണം എന്ന നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരവും പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നൽകിയിരിക്കുന്നത്.