ഡിജിറ്റൽ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ എത്തിക്കാൻ മുന്നിട്ടിറങ്ങി ഡോ. ശിവദാസൻ എംപി

Breaking News

കോവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസുകൾ സാധാരണമായതോടെ പല വിദ്യാർത്ഥികളുടേയും പഠനവും ആശങ്കയിലായിട്ടുണ്ട്. ഡിജിറ്റൽ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു വേണ്ടി പഠനസാമഗ്രികൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡോ. ശിവദാസൻ എംപി.

ഡിജിറ്റൽ ഡിവൈഡ് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും സാമൂഹികമായി പിന്നോക്കം നിൽകുന്ന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളായിരിക്കും അതിന്റെ വലിയ ഇരകളെന്നും എംപി പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ആദിവാസി സാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ കണ്ണൂർ ജില്ലയിലെ പേരാവൂർ, ഇരിട്ടി മേഖലകളിൽ പെടുന്ന പ്രദേശങ്ങൾ, ആദിവാസി വിഭാഗങ്ങളിൽ തന്നെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്ന പണിയ സമുദായത്തിലുള്ളവർ വ്യാപകമായി വസിക്കുന്ന ഇടങ്ങളാണ് ആറളം, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും. സാമൂഹികവും സാമ്പത്തികവുമായ സൂചികകളിൽ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തെ കുറിച്ചാണ് എംപി പറയുന്നത്. പ്രയാസമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനായി ആദ്യ ഘട്ടമെന്ന നിലയിൽ സ്മാർട്ട് ഫോണുകൾ/ടാബുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ശ്രമത്തിൽ എല്ലാവരും കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു.