കേരളത്തിൽ ഇന്ന്‌ ഇളവുകളുടെ ദിവസം

Breaking News

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി ഞായർ ദിവസങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിർദേശങ്ങൾ ആണ് ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകൾക്ക്, വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

അതെ സമയം 12, 13 തീയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സൽ എന്നിവ ഉണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. എന്നാൽ ഈ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസമില്ല. എന്നാൽ ഇതേ മുൻകൂട്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഇന്ന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.