മെഡിക്കല്‍ കോളേജില്‍ ലോക്ഡൗണ്‍ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടി;മന്ത്രി വീണാ ജോര്‍ജ്

Breaking News

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ഡൗണ്‍ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി. മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നുപോന്ന രീതിയില്‍ നിന്നും മാറി കോവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.