ഞങ്ങൾക്ക് പഠിക്കണം;വൈദ്യുതി കണക്ഷൻ വേണം,ആവശ്യവുമായി മലപ്പുറം ചാലിയാർ ആദിവാസി കോളനിയിലെ കുട്ടികൾ

Breaking News

നല്ല കെട്ടിടമുണ്ട്, ടിവി ഉണ്ട്, കുട്ടികൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ട് പക്ഷേ വൈദ്യുതി കണക്ഷൻ മാത്രം ഇല്ല.  ഈ ഒരൊറ്റ കാരണം കൊണ്ട് ബാക്കി ഉള്ളത് ഒന്നും ഈ ഘട്ടത്തിൽ ഉപയോഗപ്പെടുന്നുമില്ല. മലപ്പുറം ഏറനാട് ചാലിയാർ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അവസ്ഥ ആണിത്. മൊബൈൽ റേഞ്ച് കുറഞ്ഞ ഇവിടെ ഓൺലൈൻ പഠനം സാധ്യമാകണമെങ്കിൽ ഈ വിദ്യാലയത്തിലേക്ക് വൈദ്യുതി ലഭിച്ചേ തീരൂ.സ്കൂൾ തുറന്നതും ഓൺലൈൻ ക്ലാസ് നടക്കുന്നതും ഒക്കെ ആരൊക്കെയോ പറഞ്ഞ അറിവ് മാത്രമേ ഇവർക്കുള്ളു. മൊബൈൽ റേഞ്ച് കുറവായ മേഖലയിൽ പഠനം നടത്താൻ ടിവി തന്നെ വേണമെന്ന് കുട്ടികളും പറയുന്നു. ‘ഒരു മൊബൈലിലും റേഞ്ച് കിട്ടുന്നില്ല. അത് കൊണ്ട് പഠിക്കാൻ വേണ്ട കാര്യങ്ങൾ ഡൗൺലോഡ് ചെയ്യാനാവുന്നില്ല. അല്ലെങ്കിൽ പിന്നെ അടുത്തുള്ള കുന്നിൻ്റെ മുകളിൽ ഒക്കെ കേറണം. ഇവിടെ സ്കൂളിൽ ടിവിയിൽ ക്ലാസ് കിട്ടിയാൽ ഞങ്ങൾക്ക് പഠിക്കാം കുട്ടികള്‍ പറയുന്നു.

ഓൺലൈൻ ക്ലാസ്സ് ലഭിക്കാതിരിക്കുമ്പോൾ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത് പഠനാവകശം ആണ്. ഈ സ്ഥിതി തുടർന്നാൽ ഇവർക്ക് പഠനത്തോടുള്ള താത്പര്യം  കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയർന്നുണ്ട്.