കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍മോഷണം;പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ പിടിയില്‍

Breaking News

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിവായി മോഷണം നടത്തി വന്നിരുന്ന പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലംഗ മോഷണ സംഘത്തെ പൊലീസ് പിടികൂടി. കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു(18), ബദിരൂര്‍ ചെമ്പോളിപറമ്പില്‍ ധ്രുവന്‍(19) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേത്യത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും, ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടി മോഷ്ടാക്കളെ മാതാപിതാക്കള്‍ക്കൊപ്പമാണ് പൊലീസ് വിളിച്ച് വരുത്തിയത്.

എലത്തൂര്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സംഘത്തെ നേരത്തെ പിടികൂടിയിരുന്നെങ്കിലും അന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. നിരവധി സ്ഥലങ്ങളില്‍ സംഘത്തിന്റെ നേത്യത്വത്തില്‍ മോഷണം നടത്തിയിരുന്നെങ്കിലും പലതിനും പരാതി ലഭിക്കാതെ പോയതാണ് കൂടുതല്‍ മോഷണം നടത്തുവാന്‍ സംഘത്തിന് ധൈര്യം നല്‍കിയത്. പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സമീപ നാളുകളില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പല മോഷണങ്ങളിലും കുട്ടി സംഘത്തിന്റെ പങ്ക് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവടങ്ങളില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍, ബൈക്ക് എന്നിവയും, പൂല്ലാളൂരിലെ മൊബൈല്‍ കടയില്‍ നിന്നും അപഹരിച്ച മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.