പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടി വടിയ്ക്കാൻ മണിയോർഡർ അയച്ച് ചായ വിൽപ്പനക്കാരൻ

Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടി വടിയ്ക്കാൻ പണം അയച്ച് ചായ വിൽപ്പനക്കാരൻ. മഹാരാഷ്ട്രയിലെ ബരാമതിയിൽ നിന്നുള്ള ഒരു ചായക്കടക്കാരൻ ആണ് ഷേവ് ചെയ്യുന്നതിനായി പ്രധാനമന്ത്രിക്ക് നൂറു രൂപ മണിയോർഡർ അയച്ച് നൽകിയത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഒക്കെയായി കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തെ അസംഘടിത തൊഴിൽ മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ അസ്വസ്ഥനായാണ് അനിൽ മോർ എന്ന ചായ വിൽപ്പനക്കാരൻ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇന്ദപുർ റോഡില്‍ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം ഒരു ചെറിയ ചായക്കട നടത്തി വരികയാണ് അനിൽ.

പ്രധാനമന്ത്രി തന്‍റെ താടി വളർത്തുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വര്‍ധിപ്പിക്കണമെന്നുണ്ടെങ്കിൽ അത് ഈ രാജ്യത്തെ ജനങ്ങൾക്കുള്ള തൊഴിലവസരങ്ങളാണ്. ജനങ്ങൾക്ക് വാക്സിനേഷൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും. കഴിഞ്ഞ രണ്ട് ലോക്ക്ഡൗണുകൾ സൃഷ്ടിച്ച ദുരിതത്തിൽ നിന്നും ജനങ്ങൾ കരകയറിയെന്ന് പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതുണ്ട്’ അനിൽ പറയുന്നു.