ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ മദ്യ വിൽപന; ആലപ്പുഴയില്‍ 44കാരിയും സുഹൃത്തും അറസ്റ്റില്‍

Breaking News

മാന്നാർ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ മദ്യം വിറ്റ സംഭവത്തിൽ 44കാരിയും സുഹൃത്തും അറസ്റ്റിലായി. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടില്‍ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടില്‍ മിനി(44) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ ചാരായം വിൽപനയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മിനിക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ അറസ്റ്റിലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു മിനിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് ഇവർ വാറ്റ് ചാരായം വിറ്റത്. രാത്രി വൈകിയും ഇറച്ചിക്കോഴി വാങ്ങാനായി നിരവധി പേർ കടയിലെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് വിവരം പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മിനി ഓടി രക്ഷപെട്ടു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.എന്നാൽ കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട മിനി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പിന്നാലെ ഓടിവന്ന പൊലീസിനെ വെട്ടിച്ചു കടക്കാൻ ഇത്തവണ മിനിക്ക് കഴിഞ്ഞില്ല. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.