രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Breaking News

 രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അദ്ദേഹത്തിന് അംഗത്വം നൽകി. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലുണ്ടായിരുന്ന നേതാവായിരുന്നു ജിതിൻ പ്രസാദ. നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിന്റെ ചുമതല വഹിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോൺഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് 47കാരനായ ജിതിൻ പ്രസാദ. 2019ൽ അദ്ദേഹം കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതിൻ പ്രസാദ പറഞ്ഞു.