ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിൽ നിന്ന ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ

Breaking News

ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിൽ നിന്ന ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ക്ഡൗൺ ആയതിനാൽ പറമ്പിലെ ചീരയെടുത്ത് കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.

മണിക്കൂറുകൾക്കകം കുട്ടിയും അവശയായി. തുടർന്ന് അയൽവാസികളാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്നും എന്തുഭക്ഷണമാണു കഴിച്ചതെന്നുമുള്ള ഡോക്ടറുടെ ചോദ്യത്തിൽ നിന്നാണ് ഉമ്മത്തിന്റെ ഇലയാണു കാരണമെന്നു കണ്ടെത്തിയത്. അതോടെ ഫലപ്രദമായ ചികിത്സ നൽകാനായി. അമ്മൂമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം താൻ ചോറും കറിയും എടുത്തു കഴിച്ചെന്നു കുട്ടി പറഞ്ഞു.