മുട്ടിൽ വനം മുറിക്കൽ; എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

Breaking News

മുട്ടിൽ വനം മുറിക്കൽ കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജോ അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികൾ ഹർജിയിൽ ഉയർത്തിയ വാദം. അതേസമയം ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്.

സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിക്കൽ നടത്തിയതെന്നും വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. വില്ലേജ് ഓഫrസർമാർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന കേസാണ് ഇത്. അതുകൊണ്ടു തന്നെ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.