ഓൺലൈൻ പരീക്ഷ എഴുതാൻ മല കയറണം;പരീക്ഷാകേന്ദ്രമായി മലമുകളിൽ ടാർപോളിൻ, വാഴയില കൊണ്ട് നിർമ്മിച്ച കുടിൽ

Breaking News

 ഗ്രാമത്തിൽ മതിയായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ദിവസവും മല കയറി മലമുകളിൽ ഇരുന്നാണ് വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ സെമസ്റ്റർ പരീക്ഷ എഴുതുന്നത്. മിസോറാമിലെ സൈഹ ജില്ലയിലെ മാവ്രേ ഗ്രാമത്തിലാണ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായിരിക്കുന്നത്.

മിസോറാം യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ പഠിക്കുന്ന ഈ വിദ്യാർത്ഥികൾ ഗ്രാമത്തിന് സമീപം മതിയായ ഇന്റർനെറ്റ് ലഭിക്കുന്ന ഒരു സ്ഥലം സ്വയം കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലുള്ള ഒരു വലിയ മലയുടെ മുകളിലാണ് ഇന്റ‍ർനെറ്റ് ലഭിക്കുക. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ഏഴു വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ ദിവസവും ഈ മല കയറും. മുകളിൽ മുള, ടാർപോളിൻ, വാഴയില എന്നിവകൊണ്ട് നിർമ്മിച്ച താൽക്കാലിക കുടിൽ ആണ് ‘പരീക്ഷാകേന്ദ്രമായി’ മാറ്റിയിരിക്കുന്നത്. വിദ്യാർത്ഥികൾ ബിരുദ പരീക്ഷ എഴുതുന്നതിനായി ദിവസവും മൂന്ന് മണിക്കൂറിലധികമാണ് ഇവിടെ ചെലവിടുന്നത്.