കയ്യിൽ വൈനും മൊബൈൽ ഫോണുമായി ഭഗവാൻ ശിവൻ; ഇൻസ്റ്റഗ്രാമിനെതിരെ ബിജെപി നേതാവ് മനീഷ് സിംഗീന്റെ പരാതി

Breaking News

ഭഗവാൻ ശിവനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇൻസ്റ്റഗ്രാമിനെതിരെ പരാതി. ബിജെപി നേതാവ് മനീഷ് സിംഗ് ആണ് ഇൻസ്റ്റഗ്രാം സിഇഒ ഉൾപ്പെടെയുള്ള അധികൃതര്‍ക്കെതിരെ പരാതി നൽകിയത്. ന്യൂഡല്‍ഹി പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി.’ഭഗവാൻ ശിവനെ വളരെ മോശമായാണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഹൈന്ദവര്‍ ശിവനെ അവരുടെ പരമേശ്വരനായി ആരാധിക്കുന്നു എന്ന കാര്യവും ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്’ സിംഗ് പരാതിയിൽ പറയുന്നു.

‘ഇവരുടെ ഒരു ഗ്രാഫിക്സ് ഇന്‍റർചേഞ്ച് ഫോർമാറ്റ് (GIF) പരമേശ്വരൻ ഭഗവാൻ ശിവന്‍ കയ്യിൽ ഒരു ഗ്ലാസ് വൈനും അടുത്ത കയ്യിൽ മൊബൈൽ ഫോണുമേന്തി നിൽക്കുന്ന തരത്തിലുള്ളതാണ്. ശിവനെ അപകീർത്തികരമായി ചിത്രീകരിച്ച് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനപ്പൂർവമായുള്ള ശ്രമങ്ങളാണ് ഇവർ നടത്തിയിരിക്കുന്നത്’ പരാതിയില്‍ ആരോപിക്കുന്നു. ഹൈന്ദവ സമുദായക്കാരെ പ്രകോപിപ്പിക്കുക എന്ന ഏക ഉദ്ദേശത്തോടെയാണ് ഈ GIF സൃഷ്ടിച്ചിരിക്കുന്നതെന്ന് ആരോപിച്ച സിംഗ്, ഈ നീക്കത്തിലൂടെ, അനൈക്യം, വിദ്വേഷം, ശത്രുത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പ്രതിസ്ഥാനത്തുള്ളവർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തുന്നു.