സ്ഥാനം ഒഴിയുന്നതിന് മുൻപ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Breaking News

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുൻപ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വർധിപ്പിച്ചത്. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവർക്ക് മുല്ലപ്പള്ളി 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനെ മുല്ലപ്പള്ളി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ഇന്നലെ കെ.പി.സി.സി ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നൽകിയ കാറിന്റെ താക്കോലും തിരിച്ചേൽപ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലാണ് മുല്ലപ്പള്ളി മടങ്ങിയത്. യാത്ര അയയ്ക്കാൻ  ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിലും ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് ഓഫീസ് നടത്തിപ്പിനായി മുല്ലപ്പള്ളി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞെന്നും ജീവനക്കാർ പറയുന്നു.