ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Breaking News

 നാൽപതോളം ദിവസമായി തുടരുന്ന കർഫ്യൂ മൂലം ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും അവർക്കു ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കിറ്റ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ.കെ. നസീഹ് നൽകിയ ഹർജി ഇന്നു പരിഗണിക്കും.

ജനങ്ങൾ പണവും ഭക്ഷണവുമില്ലാതെ വലയുകയാണ്. കർഫ്യൂ മൂലം കവരത്തിയിലും അമിനി ദ്വീപിലുമെല്ലാം കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്കു കർശന നിയന്ത്രണമുള്ളതിനാൽ സന്നദ്ധ സംഘടനകൾക്കും സഹായം എത്തിക്കുന്നതിൽ  പരിമിതിയുണ്ട്. ദ്വീപിലെ 80% ജനങ്ങളും ദിവസക്കൂലിക്കാരാണ് . പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടിയെടുക്കുന്നില്ല. ജനുവരി 4 വരെ ലക്ഷദ്വീപിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഇതിനു ശേഷം 8,667 പേർക്ക് കോവിഡ് ബാധയുണ്ടായെന്നും 38 പേർ മരിച്ചെന്നും ഹർജിയിൽ പറയുന്നു.