കെ.സുധാകരന്‍ ഇനി കെ.പി.സി.സി പ്രസിഡന്റ്

Breaking News Politics

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുത്തു. വിവരം സുധാകരനെ രാഹുല്‍ഗാന്ധി നേരിട്ടറിയിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ നേര്‍ക്കുനേര്‍ പോരാടിയാണ് കെ സുധാകരന്റെ രാഷ്ട്രീയ വളര്‍ച്ച. കെ എസ് യു താലൂക്ക് പ്രസിഡന്റായാണ് തുടക്കം, ഇടയ്ക്ക് സംഘടനാ കോണ്‍ഗ്രസിലേക്കും ജനതാ പാര്‍ട്ടിയിലേക്കും വഴി മാറിയെങ്കിലും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാനവാക്കായി വളര്‍ന്നു. നിയമസഭയിലേക്ക് 1996 മുതല്‍ 2006 വരെ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തില്‍ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആന്റണി മന്ത്രിസഭയില്‍ വനംകായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ല്‍ ലോക്‌സഭയിലേക്കുള്ള കന്നിയങ്കത്തില്‍ കണ്ണൂര്‍ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ല്‍ ലോക്‌സഭയിലേക്കും 2016 ല്‍ നിയമസഭയിലേക്കും മല്‍സരിച്ച് തോല്‍വി അറിഞ്ഞെങ്കിലും 2019ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമായെങ്കിലും വിട്ടുകൊടുക്കാന്‍ സുധാകരന്‍ തയ്യാറായില്ല.