കേരളത്തില്‍ ബിജെപി നേതൃത്വം ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Breaking News

കേരളത്തില്‍ ബിജെപിക്കേറ്റ കനത്ത പരാജയം പാര്‍ട്ടിയെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും നേതാക്കള്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ ബിജെപി നേതൃത്വം ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസ്ഥാന ബിജെപിക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഞായറാഴ്ച്ച വൈകിട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് നരേന്ദ്രമോദി നേതാക്കള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം, ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ ക്രിസത്യന്‍ വിഭാഗത്തിന് ബിജെപിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.