ആലപ്പുഴയില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

Breaking News

ആലപ്പുഴയില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തില്‍ പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ബലപ്രയോഗത്തിന് ശ്രമിച്ചു, ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുതള്ളുമുണ്ടായി.

പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെ കൈയ്യേറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ ചേര്‍ത്തലയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്യം കുമാറിന്റെ നേതൃത്വത്തില്‍ ദേശിയ പാതയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതീകാത്മകമായി ക്രിക്കറ്റ് കളിച്ച് ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. ലോക്ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി ചേര്‍ത്തല എസ്ഐ ജിന്‍സണ്‍ സമരം തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.

പിന്നീട് പൊലീസ് പിന്‍മാറിയതോടെ സമര പരിപാടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. അതേസമയം നടപടിയെ ന്യായീകരിക്കുന്നില്ലെന്നും പ്രവര്‍ത്തകരെ താക്കീത് ചെയ്തതായും സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പൊലീസ് ചേര്‍ത്തല ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചേര്‍ത്തല ഏരിയാ സെക്രട്ടറിയാണ് ഒന്നാം പ്രതി. എസ്ഐ ജിന്‍സണ്‍ ആര്‍എസ്എസ് അനുകൂല നിലപാടുള്ള വ്യക്തിയാണെന്ന് സമര പ്രവര്‍ത്തകര്‍ ആരോപിച്ചു.