അന്താരാഷ്ട്ര ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അവസാന പത്തിൽ സുനിൽ ഛേത്രി

Breaking News Sports

ഇന്നലെ ദോഹയിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി മറികടന്നത്.ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ നായകന്റെ ആകെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി വര്‍ധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസിക്ക് ഇതുവരെ നേടാൻ കഴിഞ്ഞത്. ഇതോടെ നിലവില്‍ ഫുട്ബോള്‍ താരങ്ങളില്‍ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരനായി ഛേത്രി മാറി.

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ 10 താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിയെ മറികടന്ന് ഛേത്രി ഇടംനേടിക്കഴിഞ്ഞു. പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഛേത്രി. ആദ്യ പത്തില്‍ 75 ഗോളുമായി കുവൈത്തിന്റെ ബഷര്‍ അബ്ദുള്ളയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. മെസിക്ക് 12-ാം സ്ഥാനമാണുള്ളത്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ ഛേത്രിക്ക് പെലെയെ മറികടക്കാം.