വീട്ടുകാരെ ധിക്കരിച്ച് 19-ാം വയസ്സില്‍ വീടുവിട്ടിറങ്ങിയ പി.കെ വാര്യര്‍

Breaking Feature Keralam News

മലപ്പുറം: ആയുവേദ ആചാര്യന്‍ പി.കെ.വാര്യര്‍ നൂറാം വയസ്സിന്റെ നിറവിലാണ്. ജൂണ്‍ എട്ടിന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന പത്മഭൂഷണ്‍ പി. കെ. വാര്യരെ കുറിച്ചു അധികമാര്‍ക്കും ഒറിയാത്ത ഒരു കഥയുണ്ട്. കമ്മ്യൂണിസം തലക്കുപിടിച്ച് വീടുവിട്ടിറങ്ങിയ 19കാരനായ പി.കെ.വാര്യരെ ഇതുവരെ അധികമാരും അറിഞ്ഞുകാണില്ല. കുടുംബത്തിലെ കാരണവര്‍മാരെയെല്ലാം മറികടന്ന് കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ സജീവമായ ഒരു കാലം. അന്ന് കൂടെക്കൂട്ടിയ സോഷ്യലിസവും മാനവികതയും തന്നെയാണ് ആയുര്‍വേദ ചികിത്സാ രംഗത്തും പി. കെ. വാര്യരെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനും നൈപുണ്യത്തിനും ഉടമയാക്കിയതും.

1940കളില്‍ സ്വതന്ത്ര സമരം അതിന്റെ തീക്ഷ്ണാവസ്ഥയില്‍ ആളിക്കത്തുന്ന കാലം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍ കുട്ടി എന്ന പി. കെ. വാരിയര്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. പക്ഷേ ഏറെ വൈകാതെ കമ്യൂണിസ്റ്റ് വിപ്‌ളവ വീര്യത്തിനൊപ്പമായി കൃഷ്ണന്‍ കുട്ടിയുടെ പോരാട്ടം.

19-ാം വയസ്സില്‍ പി. കൃഷ്ണപിള്ളയുടെ മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പിലായിരുന്നു ഏറെക്കാലം. വല്യമ്മാവന്‍ വൈദ്യരത്‌നം പി. എസ്. വാര്യര്‍ക്ക് പോലും അന്ന് ഈ തീരുമാനത്തോട് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ട്രസ്റ്റിയും പി. കെ. വാര്യരുടെ മരുമകനുമായ പി. രാഘവ വാരിയര്‍ പറയുന്നു.

‘അക്കാലത്ത് നിരോധിച്ച ഒരു സംഘടനയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അക്കാരണം കൊണ്ടായിരുന്നു വല്യമ്മാവനടക്കം എതിര്‍ത്തത്. കോണ്‍ഗ്രസ് എന്നാല്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.’

ഒരിക്കല്‍ പി. കെ. വാര്യരെ തിരിച്ച് വിളിക്കാന്‍ മഞ്ചേരിയിലേക്ക് ആളെ അയച്ചു. പോയ ആള്‍ അതിലും വലിയ കമ്യൂണിസ്റ്റ് ആയാണ് തിരിച്ചെത്തിയത്.’പി. കൃഷ്ണപിള്ളയായിരുന്നു മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഒരിക്കല്‍ കൃഷ്ണനെ വിളിച്ച് കൊണ്ടുവരാന്‍ ഏട്ടന്‍ ആളെ പറഞ്ഞയച്ചു ഇവിടേക്ക്. കൃഷ്ണപിള്ളയോട് സംസാരിച്ച് മടങ്ങിയെത്തിയ ആള്‍ ഇങ്ങനെ പറഞ്ഞു: കൃഷ്ണന്‍ ഇപ്പൊ അവിടെ നിന്നോട്ടെ.. അതിന് എന്താ പ്രശ്‌നം… അത്രയും വാക്ചാതുരി ഉണ്ടായിരുന്നു കൃഷ്ണ പിള്ളക്ക്.’

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പി. കെ. വാര്യര്‍ കോട്ടക്കല്‍ തിരിച്ചെത്തുകയും ആയുര്‍വേദ പഠനം തുടരുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായില്ലെങ്കിലും ജീവിതത്തില്‍ ഇപ്പോഴും സോഷ്യലിസ്റ്റ് ശൈലി അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിന് വഴിവെച്ചത് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം കോട്ടക്കലിലേക്ക് മടങ്ങി വന്നു. പിന്നീട് വൈദ്യപഠനം പൂര്‍ത്തിയാക്കി. പക്ഷേ അന്നത്തെ സോഷ്യലിസ്റ്റ് സഹവാസം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കി എന്ന് തന്നെ കരുതണം. സഹാനുഭൂതി, സഹജീവി സ്‌നേഹം, കാരുണ്യം, സമത ഒക്കെയും അദ്ദേഹത്തില്‍ നിറഞ്ഞത് ഇതൊക്കെ കൊണ്ട് കൂടി ആകാം. ഉദാഹരണത്തിന്, അദ്ദേഹം ചികിത്സ കഴിഞ്ഞ് ഊണ് കഴിക്കാന്‍ മടങ്ങും നേരത്ത് ഏതെങ്കിലും ഒരു രോഗി വന്നാല്‍ അദ്ദേഹത്തെ കൂടി പരിശോധിച്ച് മരുന്ന് നല്‍കിയ ശേഷം മാത്രമേ ഊണ് കഴിക്കാന്‍ പോകൂ. അത്രയും പരിഗണന തന്നെ കാണാന്‍ എത്തുന്നവര്‍ക്ക് അദ്ദേഹം നല്‍കുന്നുണ്ട്.’

പി. കെ. വാര്യര്‍ എന്ന ആയുര്‍വേദ ആചാര്യനെ ലോകത്തിന് ലഭിക്കാന്‍ കാരണക്കാരന്‍ ഒരു കമ്യൂണിസ്റ്റ് ആചാര്യനാണ്; ഇ.എം.എസ്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇഎംഎസിന്റെ ഉപദേശമാണ് തന്നെ ആയുര്‍വേദ പഠനം തുടങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന് പി. കെ. വാര്യര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

ആയുര്‍വേദം പഠിക്കണം എന്ന നിര്‍ദേശം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഇഎംഎസ്സുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്ലാ വശങ്ങളും വിശദീകരിച്ച ശേഷം ഇഎംഎസ് പറഞ്ഞു. ‘മണ്ണാന്‍ വൈദ്യന്റെ അടുത്തു പോയാല്‍ കുട്ടികളുടെ രോഗം ചികിത്സിച്ചു മാറ്റാം. പക്ഷേ എങ്ങനെയാണ് മാറിയത് എന്ന് പറയാന്‍ അയാള്‍ക്ക് അറിയില്ല . അത് കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി. ആയുര്‍വേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം.’ ഇതിന് ശേഷമാണ് പി. കെ. വാര്യര്‍ വൈദ്യം പഠിക്കാന്‍ കോളേജില്‍ ചേര്‍ന്നത്.

1921ലാണ് പി.കെ വാര്യരുടെ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യപാഠശാലയില്‍ നിന്ന് ആയുര്‍വേദത്തില്‍ ഡിപ്ലോമ നേടി. 1947 ല്‍ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയില്‍ നിയമനം. 1953 ല്‍ രണ്ടാ മത്തെ മാനേജിംഗ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചതില്‍ ഡോ. പി.കെ. വാരിയര്‍ക്കുള്ള പങ്ക് നിസ്തുലമാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദകോളേജ്, സെന്റര്‍ ഓഫ് മെഡി സിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നല്‍കി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലില്‍ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിര്‍ദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉള്‍ക്കൊണ്ടു.

കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചന്‍കോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുന്‍കയ്യെടുത്തു. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്. സ്മൃതിപര്‍വം എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ പത്മശ്രീ, 2010 ല്‍ പത്മഭൂഷണ്‍, കൂടാതെ നിരവധി അവാര്‍ഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്.

1987 ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് നേടി. 1999 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ചു. 2009 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഉ.ടര. അവാര്‍ഡും നല്‍കി. 1997 ല്‍ ആള്‍ ഇന്ത്യാ ആയുര്‍വേദിക് കോണ്‍ഗ്രസ് ആയുര്‍വേദ മഹര്‍ഷിപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരി, പാര്‍വ്വതി എന്ന കുഞ്ചി വാരസ്യാര്‍ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കള്‍.
ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയര്‍. മക്കള്‍: ഡോ.കെ.ബാലചന്ദ്ര വാരിയര്‍, കെ.വിജയന്‍ വാരിയര്‍ (പരേതന്‍), സുഭദ്രാ രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി,രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്ര വാരിയര്‍