ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ സെഖവു കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Breaking News

നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ സെഖവു കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ മറ്റൊരു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടേതായി പുറത്തു വന്ന ശബ്ദരേഖയില്‍ തങ്ങളുമായുള്ള സംഘട്ടനത്തിനിടെ സ്വയം ബോംബ് പൊട്ടിച്ച് അബൂബക്കര്‍ മരിച്ചെന്നാണ് പറയുന്നത്. മെയ് 18 ന് ഇദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഐഎസിന്റെ കീഴിലുള്ള ഭീകര സംഘടനയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ്. ഇതിന്റെ നേതാവ് അബു മുസാദ് അല്‍ ബര്‍നവിയാണ് ശബ്ദരേഖയില്‍ സംസാരിക്കുന്നത്. നേരത്തെ ബോക്കോ ഹറാമിന്‍രെ ഭാഗമായിരുന്നു ഈ സംഘടനയും എന്നാല്‍ പിന്നീട് ആശയപരമായ ഭിന്നതകള്‍ മൂലം ഇവര്‍ ഇവര്‍ ഐഎസിന്റെ ഭാഗമായി മാറുകയായിരുന്നു.

നൈജീരിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും അബൂബക്കര്‍ കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ്. ശബ്ദരേഖയില്‍ പറയുന്നത് പ്രകാരം ബോക്കോ ഹറാമും ഐഎസും തമ്മില്‍ പോരാട്ടം നടക്കുകയും അബൂബക്കര്‍ കടന്നു കളയുകയും ചെയ്തു. എന്നാല്‍ ഐഎസ് അംഗങ്ങള്‍ ഇയാളെ പിന്തുടര്‍ന്നു. കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അബൂബക്കര്‍ സ്വയം ബോംബ് പൊട്ടിച്ച് മരിക്കുകയായിരുന്നു.