രവി പൂജാരിയുടെ വധഭീഷണിക്കു വഴങ്ങി പണം കൈമാറിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം

Breaking News

അധോലോക കുറ്റവാളി രവി പൂജാരിയുടെ വധഭീഷണിക്കു വഴങ്ങി പണം കൈമാറിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഭീഷണിക്കു വഴങ്ങാതിരുന്ന കടവന്ത്രയിലെ ബ്യൂട്ടി പാർലർ ഉടമ ലീന മരിയാ പോൾ, കാസർകോട് ബേവിഞ്ചയിലെ കരാറുകാരൻ എം. ടി.മുഹമ്മദ് കുഞ്ഞി എന്നിവരെ ഭയപ്പെടുത്താൻ വെടിവയ്പു നടത്തിയതു കൊണ്ടാണു ഭീഷണിയുടെ വിവരം പുറംലോകം അറിഞ്ഞത്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, മുൻ എംഎൽഎ പി.സി.ജോർജ് എന്നിവർക്കു നേരെയും സാറ്റലൈറ്റ് ഫോൺ വഴി രവി പൂജാരി വധഭീഷണി മുഴക്കിയിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് നേരത്തെ തന്നെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ഭീഷണിക്കു വഴങ്ങി പണം നൽകാൻ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോൺ നമ്പറും വിശദാംശങ്ങളും കൈമാറാൻ കേരളത്തിൽ രവി പൂജാരിക്കു ഗൂഢസംഘമുണ്ടെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. 2005 മുതൽ കേരളത്തിലെ പലരെയും ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.