വിവാഹ നിശ്ചയം മൂന്നു വര്‍ഷം മുമ്പ്;മൂന്നു തവണ മാറ്റിവെച്ച വിവാഹം കഴിഞ്ഞ ദിവസം ജങ്കാറില്‍ വെച്ച് നടന്നു

Breaking News

വിവാഹ നിശ്ചയം മൂന്നു വര്‍ഷം മുമ്പ് മൂന്നു തവണ മാറ്റിവെച്ച വിവാഹം കഴിഞ്ഞ ദിവസം ജങ്കാറില്‍ വെച്ച് നടന്നു.

ആലപ്പുഴ തകഴിയിലാണ് നങ്കൂരമിട്ട ജങ്കാര്‍ വിവാഹ വേദിയായത്. തെന്നടി സ്വദേശിയായ ആതിരയും ചെങ്ങന്നൂര്‍ സ്വദേശിയായ അഖിലും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തമായ വേദിയില്‍ നടന്നത്. മെയ് 22ന് നടക്കേണ്ടിയിരുന്ന വിവാഹം ജൂണ്‍ അഞ്ചിന് വധുഗൃഹത്തില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ കനത്ത മഴയില്‍ വീട് വെള്ളത്തിലായതോടെ വിവാഹം ജങ്കാറില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ പ്രശ്‌നങ്ങള്‍ കാരണം മൂന്നു തവണ മാറ്റിവെച്ച വിവാഹമാണ് ഒടുവില്‍ ജങ്കാറില്‍ ഒരുക്കിയ മണ്ഡപത്തില്‍ നടന്നത്.

ആതിരയുടെ തെന്നടി പള്ളിതോട്ടിന് സമീപത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന വീടിനു മുന്നില്‍ നങ്കൂരമിട്ട ജങ്കാറില്‍വെച്ചായിരുന്നു വിവാഹം. കോവിഡും കണ്ടെയ്ന്‍മെന്റ് സോണും മഴയുമൊക്കെ കാരണമാണ് ഇതിനോടകം മൂന്നു തവണ വിവാഹ തീയതിയും വേദിയുമൊക്കെ മാറ്റേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് വിവാഹം നിശ്ചയിച്ചെങ്കിലും പിന്നീട് പ്രതിശ്രുത വധു വാഹനാപകടത്തില്‍ പെട്ടതും വരന്‍ കോവിഡ് കാരണം വിദേശത്തു കുടുങ്ങിയതും വിവാഹം മുടങ്ങാന്‍ കാരണമായി. എല്ലാ തടസങ്ങളും മാറി, മെയ് 22ന് കുന്നുമ്മ അംബേദ്കര്‍ സ്മാരക ഹാളില്‍വെച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചയായി അവിടെയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി. തുടര്‍ന്ന് വിവാഹം വധുവിന്റെ വീട്ടില്‍വെച്ച് ജൂണ്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ കനത്ത മഴയില്‍ വീടിന് ചുറ്റും വെള്ളം കയറിയതോടെ വിവാഹം വീണ്ടും അനിശ്ചിതത്വത്തിലാകുകയായിരുന്നു.