പാര്‍ട്ടിയെ കുത്തിക്കീറി വലിക്കുന്നു, ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

Breaking News

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. പാര്‍ട്ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാണ് ചെയ്യുന്നത്. കോര്‍ കമ്മിറ്റി യോഗം വിലക്കിയത് സര്‍ക്കാര്‍ ഇടപെട്ടിട്ടാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
കൊച്ചിയിലെ ഹോട്ടലില്‍ കോര്‍ കമ്മിറ്റി യോഗം ചേരാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഒരുക്കങ്ങളും നടത്തി എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് വിലക്കുകയായിരുന്നു. കീഴ് വഴക്കങ്ങള്‍ ലംഘിയ്ക്കുന്നു. മൗലികാവകാശങ്ങള്‍ ലംഘിയ്ക്കുന്നു. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു. വളഞ്ഞിട്ട് ആക്രമിയ്ക്കുന്നു. പാര്‍ട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ ഇടപാടില്‍ കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കാനും അപഹാസ്യനാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ സി.പി.ഐക്കാരും സി.പി.എമ്മുകാരും ആണ്. പരാതിക്കാരനാണ് ധര്‍മ്മരാജന്‍. അയാള്‍ ഫോണ്‍ വിളിച്ചയാളെ തേടി പിടിയ്ക്കുന്നു. ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് കാലത്ത് ചില ജോലികള്‍ ഏല്‍പ്പിച്ചിരുന്നു. ഈ സംഭവവികാസങ്ങളിലൂടെ ബി.ജെ. പിയെ നശിപ്പിയ്ക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയെ അവഹേളിച്ച് കരിതേച്ച് നശിപ്പിയ്ക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ കുഴല്‍പ്പണത്തേക്കുറിച്ച് ചോദിയ്ക്കാന്‍ കോടിയേരിയ്ക്ക് ധാര്‍മ്മികമായി അവകാശമില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.