ഇസ്രാഈലിലെ കിംഗ് മേക്കറാകാമെന്ന മന്‍സൂര്‍ അബ്ബാസിന്റെ ധാരണ വലിയ അബദ്ധമാണ്;ഇസ്രാഈല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്ന അറബ് പാര്‍ട്ടിക്കെതിരെ ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷക

Breaking News

ഇസ്രാഈലില്‍ നെതന്യാഹുവിനെ താഴെയിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച സഖ്യത്തില്‍ കക്ഷിയാകാനുള്ള അറബ് ഇസ്‌ലാമിക് പാര്‍ട്ടിയുടെ തീരുമാനം മണ്ടത്തരമാണെന്ന് ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകയും അഭിഭാഷകയുമായ ഡയാന ബുട്ടു. ഇസ്രാഈലിനെയോ സയണിസ്റ്റ് മൂവ്‌മെന്റിനെയോ കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസ് ഈ തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഡയാന പറഞ്ഞു.

ഇസ്രാഈലിലെ കിംഗ് മേക്കറാകാമെന്ന മന്‍സൂര്‍ അബ്ബാസിന്റെ ധാരണ വലിയ അബദ്ധമാണ്. കക്ഷി ചേര്‍ന്നുകൊണ്ട് സഖ്യത്തെ അബ്ബാസ് സഹായിച്ചു. പക്ഷെ ഫലസ്തീനികള്‍ എന്ന നിലയില്‍ ഇസ്രാഈലിന്റെ കിംഗ് മേക്കറാകുക എന്നതല്ല നമ്മുടെ ജോലി. നമ്മള്‍ ആ വ്യവസ്ഥയേ തന്നെ എതിര്‍ക്കുന്നവരാണ്. നമ്മുടെ കമ്യൂണിറ്റിക്ക് സുരക്ഷ നല്‍കുക എന്നതാണ് നമ്മുടെ കടമയെന്നും ഡയാന പറഞ്ഞു. വളരെ കുറഞ്ഞ സീറ്റുകളുമായി സഖ്യത്തിലെത്തിയിരിക്കുന്ന അറബ് ലിസ്റ്റിനും അബ്ബാസിനും ഈ പുതിയ സര്‍ക്കാരിനെകൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്നും ഡയാന കൂട്ടിച്ചേര്‍ത്തു.