പി.കെ.വാര്യര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി 2500ഓളം ജീവനക്കാരും

Breaking Feature Health News

മലപ്പുറം: ആയുര്‍വേദ കുലപതി കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി പദ്മഭൂഷണ്‍ ഡോ. പി.കെ. വാര്യരുടെ 100-ാംജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തോടുള്ള ആദരം സമര്‍പ്പിക്കാന്‍ ഒരുങ്ങി കോട്ടക്കല്‍ ആയുര്‍വേദശാലക്കു കീഴിലെ 2500ഓളം വരുന്ന ജീവനക്കാര്‍.
കോട്ടയ്ക്കല്‍ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയാണ് ജീവനക്കാര്‍ പി.കെ.വാര്യര്‍ക്ക് പിറന്നാള്‍ സമ്മാനം സമര്‍പ്പിക്കുന്നത്. ശതപൂര്‍ണ്ണിമ എന്ന പേരില്‍ പി.കെ.വാര്യരുടെ ജന്മദിനം നാടു മുഴുവന്‍ ഏറ്റെടുത്ത് ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ അവസരംലഭിച്ച ജീവനക്കാര്‍ഒത്തുചേര്‍ന്നാണ് സ്നേഹഭവനം കൈമാറാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കോട്ടയ്ക്കല്‍ നഗരസഭയിലെ ഭവനരഹിതരായ ആളുകളില്‍ നിന്നും അര്‍ഹരായ രണ്ടുകുടുംബങ്ങളെ തെരഞ്ഞെടുക്കാന്‍ ആര്യവൈദ്യശാലയിലെ യൂണിയനുകളും മാനേജ്മെന്റും അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആറു മാസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കുന്ന ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ച് ആറു മാസത്തിനകം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഭാരവരാഹികള്‍ അറിയിച്ചു.

ഇതുസംബന്ധിച്ചു ജീവനക്കാരുടെ പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ വി. വേണുഗോപാല്‍ (കണ്‍ട്രോളര്‍ എച്ച്.ആര്‍), മുരളി
തായാട്ട് (ചീഫ് മാനേജര്‍ എച്ച്.ആര്‍), എന്‍. മനോജ് (എച്ച്.ആര്‍. മാനേജര്‍), ഒ.ടി.
വിശാഖ് (ഡെപ്യൂട്ടി മാനേജര്‍, എച്ച്.ആര്‍.), കെ. ഗീത (ഡെപ്യൂട്ടി മാനേജര്‍, ഐ.
ആര്‍.), ശ്രീ രാകേഷ് ഗോപാല്‍ (ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍), എം. രാമചന്ദ്രന്‍ (സെക്രട്ടറി, ആര്യവൈദ്യശാല വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.ടി.യു), മധു കെ. (സെക്രട്ടറി, ആര്യവൈദ്യശാല വര്‍ക്കേഴ്സ് യൂണിയന്‍ എ.ഐ.ടി.യു, രാമചന്ദ്രന്‍ എം.വി. (സെക്രട്ടറി, ആര്യവൈദ്യശാല
എംപ്ലോയീസ് യൂണിയന്‍ ഐ.എന്‍.ടി.യു.സി), കെ.പി. മുരളീധരന്‍ (സെക്രട്ടറി, ആര്യവൈദ്യശാല മസ്ദൂര്‍ സംഘം ബി.എം.എസ്) പങ്കെടുത്തു.

നൂറാം പിറന്നാള്‍ ഈമാസം എട്ടിനാണെങ്കിലും കോവിഡ് മഹാമാരികാരണമാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ശതപൂര്‍ണിമ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ മാത്രമാക്കി ചുരുക്കിയത്.
കൊവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങള്‍ ചിത്രപ്രദര്‍ശനം വാര്‍ഷിക ആയുര്‍വേദ സെമിനാര്‍ തുടങ്ങിയവയും നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാള്‍ ആശംസുകള്‍ നേര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പിറന്നാള്‍ ആഘോഷങ്ങളുടെ ശതപൂര്‍ണിമയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതിന് പുറമെ വിവിധ ദിവസങ്ങളിലായി ശാസ്ത്രസംബന്ധവും സാംസ്‌കാരികവുമായ പരിപാടികള്‍ നടക്കും. ഇന്നു മൈസൂരു ജെഎസ്എസ് ആയുര്‍വേദ കോളേജുമായി സഹകരിച്ച് ശാസ്ത്ര സെമിനാര്‍, എട്ടിന് കോട്ടക്കല്‍ വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജ് ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര എന്നിവയും നടക്കും.

1921ലാണ് പി.കെ വാര്യരുടെ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യപാഠശാലയില്‍ നിന്ന് ആയുര്‍വേദത്തില്‍ ഡിപ്ലോമ നേടി. 1947 ല്‍ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയില്‍ നിയമനം. 1953 ല്‍ രണ്ടാ മത്തെ മാനേജിംഗ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചതില്‍ ഡോ. പി.കെ. വാരിയര്‍ക്കുള്ള പങ്ക് നിസ്തുലമാണ്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദകോളേജ്, സെന്റര്‍ ഓഫ് മെഡി സിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നല്‍കി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലില്‍ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിര്‍ദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉള്‍ക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചന്‍കോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി.

കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുന്‍കയ്യെടുത്തു. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്. സ്മൃതിപര്‍വം എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ പത്മശ്രീ, 2010 ല്‍ പത്മഭൂഷണ്‍, കൂടാതെ നിരവധി അവാര്‍ഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്. 1987 ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് നേടി. 1999 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ചു. 2009 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഉ.ടര. അവാര്‍ഡും നല്‍കി. 1997 ല്‍ ആള്‍ ഇന്ത്യാ ആയുര്‍വേദിക് കോണ്‍ഗ്രസ് ആയുര്‍വേദ മഹര്‍ഷിപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരി, പാര്‍വ്വതി എന്ന കുഞ്ചി വാരസ്യാര്‍ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കള്‍.
ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയര്‍. മക്കള്‍: ഡോ.കെ.ബാലചന്ദ്ര വാരിയര്‍, കെ.വിജയന്‍ വാരിയര്‍ (പരേതന്‍), സുഭദ്രാ രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി,രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്ര വാരിയര്‍

Leave a Reply

Your email address will not be published.